വില്‍ക്കാന്‍വച്ച എയര്‍ഇന്ത്യയെ ഓര്‍ത്ത് ചിരിവരുന്നു; വിലക്കിനെ പരിഹസിച്ച് കുനാല്‍

ന്യൂഡല്‍ഹി: വില്‍ക്കാന്‍ വച്ച എയര്‍ ഇന്ത്യയെ ഓര്‍ത്ത് ചിരി വരുന്നു. വിമാനകമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെക്കുറിച്ച് പ്രതികരിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനല്‍ കംറ. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളില്‍ വച്ച് അപമാനിച്ച സംഭവത്തിലാണ് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കുനാലിന് വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ വിലക്ക് കാര്യം ആക്കുന്നില്ലെന്നും വില്‍ക്കാന്‍ വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ ഓര്‍ത്ത് ചിരിയാണ് വരുന്നതെന്നുമാണ് കുനാല്‍ പ്രതികരിച്ചത്.

ഒരിക്കല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ പോകുമ്പോള്‍ എന്റെ ബാഗില്‍ അനുവദിച്ചതിനേക്കാള്‍ നാല് കിലോ അധികമായിരുന്നു. പണം അടയ്ക്കാന്‍ ഞാന്‍ തയാറായെങ്കിലും അവരുടെ കാര്‍ഡ് പേയ്‌മെന്റ് മെഷീന്‍ തകരാറായിരുന്നു. എന്റെ കൈയില്‍ പണം ഇല്ലാത്തതിനാല്‍ നിങ്ങള്‍ പെയ്‌ക്കോളാന്‍ പറഞ്ഞു. പക്ഷേ, കമ്പനി ഇപ്പോള്‍ കടത്തിലാണല്ലോയെന്ന് പറഞ്ഞ് പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കുന്നത് വരെ കാത്തിരിക്കുകയാണ് താന്‍ ചെയ്തതെന്നും കുനാല്‍ ട്വീറ്റ് ചെയ്തു.

ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്. വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്.

മുംബൈയില്‍ നിന്നും ലക്‌നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്ന് ചോദിച്ചായിരുന്നു കുനാല്‍ കംറ അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ചത്.

Top