എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മയുടെ ആത്മഹത്യ: മുന്‍മന്ത്രിയെ വെറുതെ വിട്ട് കോടതി

ദില്ലി: എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍മന്ത്രിയും നിലവില്‍ എം എല്‍ എയുമായ ഗോപാല്‍ ഗോയല്‍ കാണ്ഡയെ ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയത്. എയര്‍ ഹോസ്റ്റസ് മറ്റു കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മഹത്യാ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളില്‍ നിന്നും ഗോപാല്‍ കാണ്ഡയുടെ സഹായി അരുണ ഛദ്ദയെ കോടതി വെറുതെവിട്ടു.

ഗോപാല്‍ കാണ്ഡയുടെ എംഎല്‍ഡിആര്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസും പിന്നീട് അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറമായിരുന്ന ഗീതിക ശര്‍മ്മയെ 2012 ഓഗസ്റ്റ് 5 ന് വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ അശോക് വിഹാറിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപാല്‍ കാണ്ഡയുടെയും അരുണ ഛദ്ദയുടെയും പീഡനം കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മകളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം ഗീതിക ശര്‍മ്മയുടെ അമ്മയും ആത്മഹത്യ ചെയ്തു.

പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ ആത്മഹത്യക്ക് കാരണം പ്രതികളാണെന്ന വാദവും തെളിയിക്കിനായില്ല. മുന്‍ എയര്‍ ഹോസ്റ്റസ് പ്രതിയായ അരുണ ഛദ്ദയുമായി സൗഹൃദത്തിലായിരുന്നുവെന്ന് കോടതി പറഞ്ഞു. സ്വകാര്യ രഹസ്യങ്ങള്‍ വരെ പങ്കുവെക്കുന്ന സൗഹൃദമായിരുന്നു അരുണയും ഗീതികയും തമ്മിലുണ്ടായിരുന്നതെന്നും കോടതി വിധിയില്‍ പറഞ്ഞു.

2012 മാര്‍ച്ചില്‍ അവിവാഹിതയായ ഗീതിക ശര്‍മ്മ ഗര്‍ഭഛിദ്രം നടത്താനായി ക്ലിനിക്കില്‍ എത്തിയത് തെളിവെടുപ്പില്‍ ഡോക്ടര്‍ സമ്മതിച്ചു. അതുകൊണ്ടുതന്നെ ഗീതിക ശര്‍മ്മയുമായി ശാരീരിക ബന്ധമുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് അരുണ ഛദ്ദ അറിഞ്ഞിരിക്കാനുള്ള സാധ്യത ശക്തമാണ്. 2012 ഓഗസ്റ്റ് 3, 4 തീയതികളില്‍ അരുണ ഛദ്ദയും ഗോപാല്‍ ഗോയല്‍ കാണ്ഡയും ഗീതികയുടെ അമ്മയോട് വസ്തുത വെളിപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ബന്ധുക്കളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം അമ്മ ബന്ധത്തെ എതിര്‍ത്തിരിക്കാമെന്നും മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ഗീതിക ശര്‍മ്മയും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കുകയും അതിനുശേഷം ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്ന സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജീവിതത്തില്‍ പിരിമുറുക്കവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന വ്യക്തിയില്‍ നിന്ന് വിവേകമുള്ളവരാരും ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയോ അവര്‍ക്കൊപ്പം ഇടപഴകാനോ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗീതിക ശര്‍മ്മയെ ഡയറക്ടറായി നിയമിച്ചത് ആരോപണ വിധേയരായ പ്രതിയാണ്. ഗീതിക ശര്‍മക്ക് ബിഎംഡബ്ല്യു കാര്‍ നല്‍കികയും എംബിഎ കോഴ്സ് പഠിക്കാന്‍ സാഹചര്യമൊരുക്കകയും സിംഗപ്പൂരിലേക്ക് കൂടെ കൊണ്ടുപോകുകയും ചെയ്‌തെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രതി ഗീതിക ശര്‍മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടി സ്വീകരിച്ചെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു.

Top