മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യോമസേന 20 കോടി നല്‍കും

airforce

തിരുവനന്തപുരം:കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യന്‍ വ്യോമസേന 20 കോടി രൂപ നല്‍കും. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ് തുക മുഖ്യമന്ത്രിയ്ക്ക് കൈമാറും. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി നിരവധി സഹായങ്ങളാണ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എത്തുന്നത്.

ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് ആളുകള്‍ മടങ്ങിപ്പോകുന്ന ഓരോ കുടുംബത്തിന്റെ അക്കൗണ്ടിലേക്കും 10,000 രൂപ വീതം ദുരിതാശ്വാസ ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ദുരന്തം നേരിട്ടവര്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്യണം. നേരിട്ടും റജിസ്റ്റര്‍ ചെയ്യാം. അക്ഷയയിലൂടെയുള്ള സേവനം സൗജന്യമായിരിക്കും. അതിനായുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. മഴക്കെടുതി നാശം വിതച്ച എല്ലായിടത്തും ഇതു ബാധകമായിരിക്കും. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുനല്‍കുന്നതിനായി ഐടി വകുപ്പ് സോഫ്‌റ്റ്വെയര്‍ തയാറാക്കി. ഒരു കേന്ദ്രത്തില്‍നിന്ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്കൗണ്ട് വിവരങ്ങള്‍ ക്യാമ്പുകളിലെ റവന്യു അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവോണദിവസം തന്റെ ഓഫിസ് പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Top