വ്യോമസേനാ വിമാനാപകടം; 13 പേരുടെയും മൃതദേഹവും ബ്ലാക്ക്ബോക്സും കണ്ടെത്തി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം കഴിഞ്ഞയാഴ്ച കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന 13 യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക് ബോക്‌സും തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചുവെന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. വിമാനം തകര്‍ന്ന പ്രദേശത്ത് തെരച്ചില്‍ തുടങ്ങിയ ശേഷമാണ് ഇക്കാര്യം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിമാനം തകര്‍ന്നുവീണ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയിരുന്നത്.

ജോര്‍ഹട്ടില്‍നിന്നു മെന്‍ചുകയിലേക്കു 13 പേരുമായി പറന്ന വിമാനമാണു ജൂണ്‍ മൂന്നിന് കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലെ വനത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ എത്തിയെങ്കിലും ഉയര്‍ന്ന മലയും നിബിഡ വനപ്രദേശവുമായതിനാല്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. റോഡ് മാര്‍ഗം എത്താന്‍ കഴിയുന്ന പ്രദേശമല്ലിത്.

തകര്‍ന്നുവീണ വിമാനത്തില്‍ മൂന്നു മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഞ്ചല്‍ സ്വദേശി ഫ്‌ലൈറ്റ് എന്‍ജിനിയര്‍ അനൂപ്കുമാര്‍, തൃശൂര്‍ അത്താണി സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിന്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

Top