ബ്രിട്ടണിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ എച്ച്എംഎസ് ക്വീന്‍ എലിസബത്തിന് ചോര്‍ച്ച

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിന് ചോര്‍ച്ച. രണ്ടാഴ്ച മുന്‍പ് എലിസബത്ത് രാജ്ഞി കമ്മീഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പലിനാണ് ചോര്‍ച്ച അനുഭവപ്പെട്ടത്.

കപ്പലിന് അറ്റകുറ്റപ്പണി അത്യാവശ്യമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

27,000 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച 65,000 ടണ്‍ ഭാരമുള്ള കപ്പല്‍ ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എട്ട് വര്‍ഷം കൊണ്ടാണ് കപ്പലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരേസമയം 40 യുദ്ധ വിമാനങ്ങള്‍ വഹിക്കാന്‍ ക്വീന്‍ എലിസബത്തിന് സാധിക്കും.

കടലില്‍ കൂടി പരിശീലനം നടത്തുന്നതിന് ഇടയിലാണ് കപ്പലിന്റെ ചോര്‍ച്ച പ്രതിരോധ മന്ത്രാലയം കണ്ടെത്തിയത്. എന്നാല്‍ കപ്പല്‍ തുടര്‍ പരിശീലനത്തിന് യോഗ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 920 അടിയുള്ള കപ്പലില്‍ മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളമാണ് ചോര്‍ച്ച മൂലം പ്രവേശിക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കോടികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top