എയര്‍സെല്‍ മാര്‍ക്‌സിസ് കേസില്‍ പി ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്തു

chithambaram

ന്യൂഡല്‍ഹി: എയര്‍സെല്‍ മാര്‍ക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബര്‍ 8 വരെ അദ്ദേഹത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ട് പേരും കേസില്‍ അന്വേഷണം നേരിടുകയാണ്. ചിദംബരം നല്‍കിയ മൊഴി കള്ളപ്പണം തടയല്‍ നിയമ പ്രകാരം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്കിയെന്നാണ് കേസ്. ഇതിനായി കമ്പനിയില്‍ നിന്ന് 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.

ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുള്‍പ്പെടെ 16 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Top