Aircel-Maxis case: ED, I-T dept conduct raids at Karthi P Chidambaram’s firms

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസിന്റെ സ്‌പെക്ട്രം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ്, വാസന്‍ ഐ കെയര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയത്.

കേസില്‍ കമ്പനിയിലെ രണ്ട് ഡയറക്ടര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

2012ല്‍ ചിദംബരത്തിന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള അഡ്വാന്‍സ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗിന് എയര്‍സെല്ലുമായി പണമിടപാട് ഉള്ളതായി അന്നത്തെ രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് എയര്‍സെല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടാവുകയും ഉടമസ്ഥത മാറുകയും ചെയ്ത ശേഷമായിരുന്നു ആരോപണം. കേന്ദ്ര ധനമന്ത്രിയെന്ന നിലയില്‍ 2006 മാര്‍ച്ച് ഏഴിനാണ് പി.ചിദംബരം എയര്‍സെല്ലിലെ മാക്‌സിസിന്റെ നിക്ഷേപത്തിന് അംഗീകാരം നല്‍കിയത്.

അഡ്വാന്റേജ് കണ്‍സള്‍ട്ടിംഗിന്റെ എയര്‍സെല്ലുമായുള്ള പണിടമിടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും അന്വേഷിച്ചു വരുകയാണ്. അഡ്വാന്റേജ് കണ്‍സള്‍ട്ടിംഗ് എയര്‍സെല്ലിന് 26 ലക്ഷം രൂപ നല്‍കിയതായാണ് ആരോപണം. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതും അഡ്വാന്റേജ് കണ്‍സള്‍ട്ടിംഗ് ആണെന്ന് വിലയിരുത്തപ്പെടുന്നു.

ഓസ്ബ്രിഡ്ജ് ഹോള്‍ഡിംഗ് എന്ന കാര്‍ത്തിയുടെ കമ്പനിയാണ് അഡ്വാന്റേജ് കണ്‍സള്‍ട്ടിംഗിനെ നിയന്ത്രിയ്ക്കുന്നതെന്നും 66 ശതമാനം ഈക്വിറ്റി ഷെയറും ഓസ്ബ്രിഡ്ജിന്റേതാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

Top