ഗവര്‍ണറെ കയറ്റാതെ എയര്‍ഏഷ്യ വിമാനം പറന്നു; വിമാനത്തിനും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി

ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിനെ കയറ്റാതെ എയര്‍ഏഷ്യ വിമാനം പറന്നുയര്‍ന്നതായി പരാതി. ഗവര്‍ണര്‍ വൈകിയതിനാലാണ് വിമാനം പറന്നുയര്‍ന്നതെന്നാണ് അധികൃതരുടെ വാദം. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ ഗവര്‍ണര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ഏഷ്യ വിമാനം വന്നയുടന്‍ അദ്ദേഹത്തിന്റെ ലഗേജ് അതില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും 10 മിനിറ്റ് വൈകി. വിഐപി ലോഞ്ചില്‍ നിന്ന് വിമാനം കയറാന്‍ എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു.

സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയര്‍ ഏഷ്യയ്ക്കും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാന്‍ രാജ്ഭവനിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാരോട് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതിന് ശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയര്‍ ഏഷ്യ വിമാനത്തിലാണ് ഗവര്‍ണര്‍ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top