വിമാനയാത്രയ്ക്ക് പൗഡറിന് വിലക്ക് ; നിരോധനവുമായി ന്യുസിലന്‍ഡും, ഓസ്‌ട്രേലിയയും

ഓസ്‌ട്രേലിയ: വിമാനയാത്രയ്ക്കിടെ ഹാന്‍ഡ് ബാഗില്‍ പൗഡര്‍ പോലുള്ള വസ്തുക്കള്‍ കരുതുന്നതിന് ഓസ്‌ട്രേലിയയും ന്യുസീലാന്‍ഡും വിലക്കേര്‍പ്പെടുത്തി. യുഎസ്സാണ് പൗഡര്‍ ഹാന്‍ഡ് ബാഗില്‍ നിരോധിച്ച് ആദ്യം ഉത്തരവിറക്കിയത്.

350 ഗ്രാമില്‍ താഴെയുള്ളതാണെങ്കില്‍ പോലും പ്രത്യേക പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുകയുള്ളുവെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. യുഎസിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളില്‍ ഇത് ബാധകമാക്കും. ഇന്ത്യയില്‍ നിന്നും നിരവധി ഫ്‌ളൈറ്റുകളാണ് ഈ രാജ്യങ്ങളിലേക്ക് ദിവസവും സര്‍വ്വീസ് നടത്തുന്നത്. ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ ജൂണ്‍ 30 മുതല്‍ പുതിയ നയം നടപ്പിലാക്കി. വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡണ്‍ഡിന്‍, ക്വീന്‍സ്ടൗണ്‍ എന്നിവിടങ്ങളില്‍ ജൂലൈ 31 മുതലാവും നിയമം പ്രാബല്യത്തില്‍ വരുന്നത്.

കുട്ടികള്‍ക്കുള്ള പൗഡറുകളും മരുന്നുകളും വിദേശത്ത് നിന്നും കൊണ്ടു വരുന്നതിനും കൊണ്ട് പോകുന്നതിനും കൃത്യമായ പേപ്പറുകള്‍ ആവശ്യമാണ്. യുഎസ് ട്രാന്‍സ്‌പോര്‍ട്ട് സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്‍ , ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം, ന്യൂസിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവരാണ് സംയുക്തമായി പുതിയ നയം കൊണ്ടുവന്നത്. 350 ഗ്രാമില്‍ താഴെയുള്ള പൗഡറുകള്‍ പ്രത്യേകം പാക്ക് ചെയ്ത് എക്‌സ് റേ പരിശോധന നടത്തിയ ശേഷമാകും യാത്രക്കാര്‍ക്ക് ലഭിക്കുക.

Top