വായു മലിനീകരണം; ഡൽഹിയിലെ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്

ഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി നോയിഡ ട്രാഫിക് പോലീസ്. നഗരത്തിലേക്ക് ഒരു വിഭാഗം വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി പൊലീസ് ഉത്തരവിറക്കി. മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ യമുന എക്‌സ്പ്രസ് ഹൈവേ വഴി അയക്കണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

ചില്ല, കാളിന്ദികുഞ്ച് അതിർത്തികൾ വഴിയാണ് നോയിഡയിൽ നിന്നുള്ള വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത്. ഡൽഹിയിലും മറ്റു പല ഭാഗങ്ങളിലും അന്തരീക്ഷവായു ഗുണനിലവാരം 500 ന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ ആണ് ഒരു വിഭാഗം വാഹനങ്ങൾക്ക് ഇത് വഴിയുള്ള പ്രവേശനം പൊലീസ് വിലക്കിയത്. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളും ഇതിൽ പെടും.

ബിഎസ് ത്രീ വിഭാഗത്തിൽ പെട്ട പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും, ബിഎസ് ഫോർ വിഭാഗത്തിൽപ്പെട്ട ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുമാണ് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചത്. ആവശ്യ സർവീസുകൾ, ഇലക്ട്രിക് സിഎൻജി ട്രക്കുകൾ എന്നിവ ഒഴികെയുള്ള മറ്റു ട്രക്കുകൾക്കും ഡൽഹി നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ യമുന എക്‌സ്പ്രസ് ഹൈവേ വഴി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരണമെന്നാണ് പൊലീസ് അഭ്യർത്ഥിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കും നിയന്ത്രണം ബാധകമാണ്. ഡൽഹിയിലേക്കോ ഡൽഹി വഴി മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകുന്ന ട്രക്കുകളോട്, നഗരത്തിൽ പ്രവേശിക്കാതെ എക്‌സ്പ്രസ് ഹൈവേ വഴി ഗതാഗതം നടത്താൻ നിർദ്ദേശം നൽകണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

അന്തരീക്ഷ മലിനീകരണത്തോട് 500 മുകളിൽ തുടരുന്നത് നിരവധി ആളുകൾക്ക് ആണ് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പ്രതിദിനം ഇരുപതോളം പേർ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എയിംസ്, എൽഎൻജെപി ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

Top