ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം; സ്‌കൂളുകള്‍ അടച്ചു, ഓഫീസുകള്‍ക്ക് വര്‍ക് ഫ്രം ഹോം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ അടുത്ത ഒരാഴ്ച പ്രവര്‍ത്തിക്കുക വര്‍ക് ഫ്രം ഹോം വ്യവസ്ഥയില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം, ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

വായുനിലവാര സൂചിക 50ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471ന് മുകളിലാണ്. യഥാര്‍ത്ഥത്തില്‍ വിഷപ്പുകയാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍. അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

നേരത്തെ, ജനങ്ങള്‍ക്ക് വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ച് ഇരിക്കേണ്ടിവരുന്നെന്നും, ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്, മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

Top