അന്തരീക്ഷ മലിനീകരണം; രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.

ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. ഒറ്റ അക്ക നമ്പറുകള്‍ക്ക് നാളെ നിരത്തുകളിലിറങ്ങാം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബര്‍ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല.

വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്.

സിഎന്‍ജി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. പതിനഞ്ച് വരെയാണ് നിയന്ത്രണം. അതേസമയം, വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിച്ചേക്കും.

ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാറ്റിന്റെ ശക്തി കൂടിയതും ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചതും പുകമഞ്ഞില്‍നിന്നു പുറത്തുകടക്കാന്‍ ശനിയാഴ്ച സഹായിച്ചെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.ശക്തമായ മഴയും കാറ്റും ഉണ്ടായാലേ പുകമഞ്ഞ് മാറുകയുള്ളൂ. എട്ട്, ഒന്‍പത് തീയതികളില്‍ ഇതിനു സാധ്യതയുണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Top