ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ വില്ലനായി അന്തരീക്ഷ മലിനീകരണം

ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ വില്ലനായി അന്തരീക്ഷ മലിനീകരണം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുടീമുകളും പരിശീലനം റദ്ദാക്കിയിരുന്നു. മത്സരത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് ഐസിസി അറിയിച്ചു.

നിലവില്‍ ഏഴ് മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ള ഇരുടീമുകളുടേയും പ്രാഥമിക റൗണ്ടിലെ എട്ടാം മത്സരമാണ് ഇന്നത്തേത്. ഒന്നില്‍ മാത്രമാണ് ഇതുവരെ ബംഗ്ലാദേശിന് ജയിക്കാനായിട്ടുള്ളതെങ്കില്‍ രണ്ട് മത്സരങ്ങളിലാണ് ശ്രീലങ്ക ജയിച്ചിട്ടുള്ളത്. അവസാന മത്സരത്തില്‍ ഇന്ത്യയോടുണ്ടായ നാണംകെട്ട തോല്‍വിയുടെ ക്ഷീണം ഇന്ന് തീര്‍ക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. കരുണരത്നയും ഹേമന്ദയും പുറത്തായപ്പോള്‍ ധനഞ്ജയേയും കുശാല്‍ പെരേരയേയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് ടീമില്‍ മുസ്തഫിസുറിന് പകരമായി തന്‍സിം ഹസ്സന്‍ ഇടംപിടിച്ചതാണ് ഏക മാറ്റം.

ബംഗ്ലാദേശ് ഇതിനോടകം തന്നെ ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായിട്ടുണ്ട്. ശ്രീലങ്കയാകട്ടെ ശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാലും കണക്കുകളില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാകും സെമിഫൈനലിലേക്ക് പ്രവേശനം നേടുക.

 

Top