പാക്കിസ്ഥാൻ ആക്രമണത്തിന് നേതൃത്വം കൊടുത്തത് മലയാളി ഉദ്യോഗസ്ഥൻ !

ന്യൂഡല്‍ഹി: പാക്കിസ്ഥാനെയും ലോകത്തെയും ഒരു പോലെ ഞെട്ടിച്ച ആക്രമണത്തിന് നേതൃത്വം കൊടുത്തത് മലയാളി ബുദ്ധി കേന്ദ്രം.

ഒരു പോറല്‍ പോലും ഏല്‍ക്കാതെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് സുരക്ഷിതമായി വ്യോമസേനാംഗങ്ങള്‍ തിരിച്ചെത്തിയതിന് പിന്നില്‍ അണിയറയില്‍ ഈ മലയാളിയുടെ കരുത്താണ്.

ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്. ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണു പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല.

തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.

കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.

ചൊവ്വാഴ്ച പുലര്‍ച്ച വന്‍ ശബ്ദം കേട്ടാണ് ഖൈബര്‍ പഖ്തൂന്‍ഖ പ്രവിശ്യയിലെ ബാലാകോട്ടിലുള്ള ജനങ്ങള്‍ ഉണര്‍ന്നത്. ഭൂമികുലുക്കം ഇടക്കിടെയുണ്ടാകാറുള്ള മേഖലയാണിത്. അതിനാല്‍, ഒരിക്കല്‍കൂടി ഭൂമി കുലുങ്ങിയെന്നേ അവര്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍, ഇന്ത്യന്‍ വ്യോമസേന ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ ശബദ്മായിരുന്നു അത്.

ചെവി പൊട്ടുന്ന ശബ്ദം കേട്ടാണ് പുലര്‍ച്ച മൂന്നു മണിയോടെ എഴുന്നേറ്റതെന്ന് ഇവിടത്തെ ജബ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആദില്‍ പറയുന്നു.

തുടര്‍ന്ന് വിമാനങ്ങള്‍ പറക്കുന്ന ശബ്ദം കേട്ടു. രാവിലെ ശബ്ദം കേട്ട സ്ഥലത്തേക്കു പോയി നോക്കി. അവിടെ വലിയൊരു കുഴി കാണപ്പെട്ടു. ഒപ്പം, നാലഞ്ചു വീടുകള്‍ തകര്‍ന്ന നിലയിലും കണ്ടു. പലയിടത്തും മരങ്ങള്‍ വീണ നിലയിലായിരുന്നെന്ന് മുഹമ്മദ് അജ്മല്‍ എന്ന സ്ഥലവാസിയായ ചെറുപ്പക്കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നിനും നാലുമണിക്കുമിടയില്‍ നാലഞ്ചു തവണ വന്‍ ശബ്ദം കേട്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. രാവിലെ ആക്രമണം നടന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇവര്‍ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

Top