പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡര്‍ സ്ഥാനത്തേക്ക് കണ്ണൂര്‍ സ്വദേശി രഘുനാഥ് നമ്പ്യാര്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ പുതിയ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി മലയാളി സൈനിക ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയും നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെയാണ് വ്യോമ കമാന്‍ഡിന്റെ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി നിയമിച്ചത്.ചെങ്ങന്നൂര്‍ സ്വദേശിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ സര്‍വ്വീസില്‍നിന്ന് പിരിയുന്ന ഒഴിവിലാണ് രഘുനാഥ് നമ്പ്യാരുടെ നിയമനം.

പാക്കിസ്ഥാന്‍ സേനയെ കാര്‍ഗില്‍ യുദ്ധകാലത്ത് ലേസര്‍ നിയന്ത്രിത ബോംബുകള്‍ വര്‍ഷിച്ച് മുള്‍മുനയില്‍ നിര്‍ത്തിയ രഘുനാഥ് നമ്പ്യാരെ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനുപുറമേ വ്യോമസേനയില്‍ മിറാഷ് 2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ സമയം പറത്തിയ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2300 മണിക്കൂര്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ പറത്തിയാണ് എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ടസേവാ മെഡല്‍, വ്യോമസേന മെഡലുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

1981ല്‍ ആണ് രഘുനാഥ് നമ്പ്യാരാര്‍ വ്യോമസേനയില്‍ പ്രവേശിച്ചത്. കാടാച്ചിറ ആയില്യത്ത് വീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെയും രാധയുടെയും മകനാണ്. ഭാര്യ ലക്ഷ്മി നമ്പ്യാര്‍. ഏകമകന്‍ അശ്വിന്‍ നമ്പ്യാരും പൈലറ്റാണ്.

Top