എയർ ഇന്ത്യ അതിക്രമം: നിർണായക മൊഴിയുമായി വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ; ശങ്കർ മിശ്രയുടെ ജോലി തെറിച്ചു

ദില്ലി: എയർ ഇന്ത്യ വിമാനത്തിലെ വിമാനത്തിലെ അതിക്രമത്തിൽ, പ്രതി ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികന്റെ വെളിപ്പെടുത്തൽ. താൻ പ്രശ്നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകി. നാല് ഗ്ലാസ് മദ്യം മിശ്ര കഴിച്ചെന്നും സഹയാത്രികൻ പറഞ്ഞു. എയർ ഇന്ത്യയിലെ എട്ടു ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അനുര‍ഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പുതിയ മാര്‍ഗരേഖ രേഖ പ്രകാരം വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന ശ്രമങ്ങളും ഫലം കാണാതെ വന്നാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്തിക്കാം. അങ്ങനെയെങ്കില്‍ കെട്ടിയിടുന്നത് വരെയുള്ള കാര്യങ്ങള്‍ ആലോചിക്കാം. നടപടികള്‍ എയര്‍ ലൈന്‍ കണ്‍ട്രോളിനെ അറിയിക്കണം. സാഹചര്യം നിയന്ത്രിക്കാനായാല്‍ കൂടി വിവരം അറിയിക്കുന്നതില്‍ വീഴ്ച പാടില്ല. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ അച്ചടക്കവും പൈലറ്റിന്‍റെ ചുമതലയാണ്. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ മോശം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണെമന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

ശങ്കർ മിശ്ര ജോലി ചെയ്തിരുന്ന വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടു. 34 കാരനായ ശങ്കര് മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ​ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

വെൽസ് ഫാർഗോ ജീവനക്കാർ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലർത്തുന്നനവരാണ്. മിശ്രക്കെതിരെയുള്ള ആരോപണങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായും കമ്പനി വ്യക്തമാക്കി. അതേസമയം, ശങ്കർ മിശ്രയെഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും എയർപോർട്ട് അലേർട്ടും പുറപ്പെടുവിച്ചു.

നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്‌ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്.

Top