മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ; 80 ലക്ഷം രൂപ പിഴ

ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്റെ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിനു മുകളിലുള്ള രണ്ട് വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളിൽ ഒരുമിച്ച് പറക്കുന്നത് കണ്ടെത്തി. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഫ്ലൈറ്റ് ക്രൂവിന് മതിയായ വിശ്രമം നൽകുന്നതിൽ അടക്കം കുറവുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകൾ, ഓവർലാപ്പിംഗ് ഡ്യൂട്ടി മുതലായവയും ഓഡിറ്റിനിടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

എയർ ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് 80 ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനിച്ചതെന്നും ഡിജിസിഎ വ്യക്തമാക്കി. ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ എൻഫോഴ്‌സ്‌മെന്റ് നടപടി അതിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണെന്നും ഡിജിസിഎ വ്യക്തമാക്കി.

Top