എയർ ഇന്ത്യ പുതുതായി 150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വാങ്ങും

ദില്ലി: വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി എയർഇന്ത്യ. ബോയിംഗ് കോയുമായി 150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിടാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. 300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉൾപ്പെടുന്ന എയർബസും ഉൾപ്പടെ 50 ബില്യൺ ഡോളറിന്റെ മെഗാ ഓർഡർ എയർ ഇന്ത്യ നൽകുകയാണെന്ന് ജൂലൈയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന വ്യോമയാന വിപണിയിൽ തങ്ങളുടെ ശേഷി വർധിപ്പിക്കാനാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓർഡർ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ 72 737 മാക്സ് ജെറ്റുകൾ വാങ്ങാനുള്ള കരാർ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം 9 ബില്യൺ ഡോളർ കരാർ ആയിരുന്നു അത്.

ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർഏഷ്യ ഇന്ത്യ എന്നിവയുൾപ്പെടെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളാണ് ആഭ്യന്തര വ്യോമയാന രംഗത്ത് ആധിപത്യം പുലർത്തുന്നത്, അവയിൽ ഭൂരിഭാഗവും എയർബസ് നാരോബോഡി വിമാനങ്ങൾ ആണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ ഏറ്റവും വലിയ ഉപഭോക്താവായ സ്പൈസ് ജെറ്റ് 155 മാക്സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്.

എന്നാൽ കരാറിനെ കുറിച്ച് ഇതുവരെ എയർ ഇന്ത്യ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ടാറ്റായുടെ കൈകളിലെത്തിയ ശേഷം ഒരു വർഷത്തോട് അടുക്കുന്ന എയർ ഇന്ത്യയുടെ മാറ്റങ്ങൾ ഉറ്റുനോക്കുകയാണ് വിപണി. 4 ബില്യൺ ഡോളറാണ് ടാറ്റ എയർ ഇന്ത്യയുടെ വിവിധ പ്രവർത്തങ്ങൾക്കായി മാറ്റിവെക്കുന്നത്. വരും മാസങ്ങളിൽ നിരവധി മാറ്റങ്ങൾ എയർ ഇന്ത്യ വരുത്തിയേക്കാം എന്നും സൂചനകളുണ്ട്.

Top