യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ; കൊച്ചിയിലേയ്ക്കുള്ള സര്‍വീസ് വൈകിയത് ഒന്നര ദിവസം

സൗദി: സൗദിയിലെ റിയാദില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ഒന്നര ദിവസം വൈകി. കനത്ത ചൂട് കാരണം വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് സര്‍വീസ് വൈകാന്‍ കാരണം. കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ മടങ്ങിയെത്തിയ ശേഷം നടത്തേണ്ട മുംബൈ സര്‍വീസും ഇതിനാല്‍ മുടങ്ങിയിരിക്കുകയാണ്.

ഞായറാഴ്ച 3.45ന് പുറപ്പെടേണ്ട കൊച്ചിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ഇന്നലെ അര്‍ധ രാത്രിയോടെയാണ്. ഇരുന്നോറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊച്ചി വിമാനം മടങ്ങിയെത്തിയ ശേഷം ഇന്നലെ രാവിലെ 6.45ന് പുറപ്പെടേണ്ടതായിരുന്നു മുംബൈയിലേയ്ക്കുള്ള വിമാനം. ഇതിലും ഇരുന്നോറോളം യാത്രക്കാര്‍ ഉണ്ട്. എല്ലവരേയും ഹോട്ടലിലേക്ക് മാറ്റി.

കനത്ത ചൂടിനെ തുടര്‍ന്ന് സാങ്കേതിക തകരാറിലായ വിമാനം തണുപ്പിക്കാന്‍ മുംബൈയില്‍ നിന്ന് സാങ്കേതിക ജീവനക്കാരെത്തിയ ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. ഈ വിമാനം ഇന്ന് മടങ്ങിയെത്തിയാകും മുംബൈയിലേക്ക് പുറപ്പെടുക.

Top