എയര്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു

ലുധിയാന: എയര്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച സര്‍വ്വീസ് നടത്തിയ ഡല്‍ഹി -ലുധിയാന വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 50കാരനായ ജീവനക്കാരനൊപ്പം യാത്ര ചെയ്തവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിച്ചതിന് ശേഷം 116 സാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. ഇതില്‍ ഒരാളുടെ പരിശോധന ഫലമാണ് പോസിറ്റീവായതെന്ന് ലുധിയാന സിവില്‍ സര്‍ജന്‍ ഡോ. രാജേഷ് ബഗ്ഗ അറിയിച്ചു.

ഡല്‍ഹി സ്വദേശിയായ ഇദ്ദേഹം ഡല്‍ഹിയില്‍ തന്നെ എയര്‍ ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് . ഡല്‍ഹിയില്‍ നിന്ന് ലുധിയാനയിലെ സഹ്‌നേവാള്‍ വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിച്ചേര്‍ന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം യാത്ര ചെയ്തവരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.

അതേസമയം, ചെന്നൈ -കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത ഒരു യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചു. അതേ തുടര്‍ന്ന് ഈ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ മൂന്നിലൊന്ന് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

Top