ഇന്ത്യക്കാരുമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു

റിയാദ്: ഇന്ത്യന്‍ യാത്രക്കാരുമായി സൗദിയില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. 152 യാത്രക്കാരുമായി ഇന്ന് ഉച്ചക്ക് 12.45നാണ് വിമാനം യാത്ര തിരിച്ചത്.

രാത്രി 11ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്.

യാത്രക്കാരില്‍ 70ഓളം സ്ത്രീകള്‍ ഗര്‍ഭിണികളാണ്. രാവിലെ 10 മണി മുതല്‍ തന്നെ യാത്രക്കാരെല്ലാം എത്തിയെന്നും ബോഡി, ലഗേജ് ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ് യാത്രക്കാരെ ടെര്‍മിനല്‍ ലോബിയിലേക്ക് പറഞ്ഞുവിട്ടതെന്നും എയര്‍ ഇന്ത്യയുടെ റിയാദ് എയര്‍പ്പോര്‍ട്ടിലെ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ പറഞ്ഞു.

തെര്‍മല്‍ കാമറ സ്‌കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്.

Top