വലിയ വിമാന സര്‍വീസ് കരിപ്പൂരില്‍ നിന്ന് തുടങ്ങാന്‍ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ

Air india

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറി. റണ്‍വേ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരിശോധനകള്‍ പൂര്‍ത്തിയാക്കി തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോഴിക്കോട് നിന്ന് ജനപ്രതിനിധികളുടെ സംഘം ജൂലൈ 20 ന് എയര്‍ ഇന്ത്യ സിഎംഡിയെ കാണുകയും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് 14 ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ട് എയര്‍, ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. സന്നദ്ധത അറിയിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് എയര്‍ ഇന്ത്യ നല്‍കിയത്.

എയര്‍ ഇന്ത്യ കൂടി സന്നദ്ധ അറിയിച്ചതോടെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കാനുള്ള സാധ്യതയേറി.കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയപ്പോള്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടിലായി. ഇതിനിടെ, സൗദി എയര്‍ലൈന്‍സ് കരിപ്പൂരിനൊപ്പം തിരുവനന്തപുരത്ത് നിന്ന് സ്ഥിരം സര്‍വീസ് തുടങ്ങാന്‍ അനുമതി തേടി വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

Top