വെറും ഒരു ലക്ഷം രൂപയുടെങ്കിൽ അമേരിക്കയിൽ പോയി വരാം; എയർ ഇന്ത്യയുടെ വമ്പൻ ഓഫർ

രിക്കലെങ്കിലും അമേരിക്കയിൽ പോയി വരാൻ ഒരു ആഗ്രഹം ട്രാവൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കെല്ലാം കാണും. ഉയർന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളായിരിക്കും ആലോചിക്കുമ്പോഴേ മനസിലേക്ക് ആദ്യം വരുന്നത്. ഇപ്പോഴിതാ വെറും ഒരു ലക്ഷം രൂപയുടെങ്കിൽ അമേരിക്കയിൽ പോയി വരാം. പറഞ്ഞുവരുന്നത് ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകൾ മാത്രമാണ്. എയർ ഇന്ത്യ ഇപ്പോൾ തങ്ങളുടെ രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും തിരിച്ചും വരാൻ പ്രത്യേക നിരക്കുകളാണ്.

എയർ ഇന്ത്യയുടെ ‘ഫ്ലൈ എയർ ഇന്ത്യ സെയിൽ’ വഴി ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് വൻ കിഴിവ് ലഭിക്കും.

എല്ലാ ഇന്ത്യ-യുഎസ് റൂട്ടുകളിലും ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും ആകർഷകമായ നിരക്കുകളാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ ഓഫറുകളെല്ലാം പരിമിത കാലത്തേക്ക് മാത്രമാണ്. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച സെയിൽ ഒക്ടോബർ 5 വരെ മാത്രമേ ലഭ്യമാകുകയുള്ളു. ഒക്ടോബർ 1 നും ഡിസംബർ 15 നും ഇടയിലുള്ള യാത്രയ്ക്കായാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

ഇക്കണോമി ക്ലാസ് നിരക്കുകൾ വൺവേയ്ക്ക് 42,999 മുതലും മടക്കയാത്ര നിരക്കുകൾ 52,999 മുതലുമാണ്. അതായത് രണ്ടുംകൂടി 95998 രൂപ മാത്രം. ഇതുകൂടാതെ, ഓൾ പ്രീമിയം ഇക്കോണമി നിരക്കുകൾ വൺവേയ്ക്ക് 79,999 മുതലും മടക്കയാത്ര നിരക്കുകൾ 1,09,999 മുതലും ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോർക്ക് എന്നിങ്ങനെ വിവിധ ഫ്ലൈറ്റുകൾ എയർ ഇന്ത്യയ്ക്കുണ്ട്.ദില്ലി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്ക്, നെവാർക്ക് (ന്യൂജേഴ്‌സി), വാഷിംഗ്ടൺ ഡിസി, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നീ അഞ്ച് അമേരിക്കൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 47 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു.

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് (www.airindia.com), ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ബുക്കിംഗ് തുറന്നിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.

Top