Air India notifies recruitment of 500 pilots

മുംബൈ: അഞ്ഞൂറിലധികം പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. 2018 ഓടെ നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി കൂടുതല്‍ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങുന്നത്.

2018 മാര്‍ച്ചില്‍ എണ്‍പത് പുതിയ നാരോ ബോഡി വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. നിലവവില്‍ കമ്പനിക്ക് 66 നാരോബോഡി വിമാനങ്ങളാണ് ഉള്ളത്. ഇതിന് മുന്നോടിയായാണ് പുതിയ പൈലറ്റുമാരെ കമ്പനി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 534 പൈലറ്റുമാരെ പുതുതായി നിയമിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

പൈലറ്റുമാരുടെ അപര്യാപ്തത മൂലം അവസാന നിമിഷത്തില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ട സാഹചര്യംകൂടി കണക്കിലെടുത്താണ് കൂടുതല്‍ പൈലറ്റുമാരെ നിയമിക്കുന്നത്.

നിലവില്‍ 1441 പൈലറ്റുകളാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 70 പൈലറ്റുമാര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നതേയുള്ളു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരുടെ എണ്ണം 2000 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പൈലറ്റില്ലാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. ന്യൂഡല്‍ഹിയില്‍നിന്നു ഭുവനേശ്വറിലേക്കു തിങ്കളാഴ്ച്ച 11 മണിക്ക് പുറപ്പെടേണ്ട എഐ 75 വിമാനമാണു പൈലറ്റില്ലാത്തതിനെത്തുടര്‍ന്നു വൈകിയത്. പൈലറ്റില്ലാതിരുന്നതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഒന്നേമുക്കാല്‍ മണിക്കൂര്‍ വിമാനത്തില്‍ കാത്തിരിക്കേണ്ടിവന്നു.

Top