എയര്‍ ഇന്ത്യയ്ക്ക് ഖത്തര്‍ അനുമതി നിഷേധിച്ചു; വാര്‍ത്ത തള്ളി കേന്ദ്രം വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള ദോഹ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസിന് സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ഖത്തര്‍ നിഷേധിച്ചത് കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ഒഴിപ്പിക്കല്‍ സ്വഭാവത്തിലുള്ള വിമാന സര്‍വീസാണ് എയര്‍ ഇന്ത്യയുടേതെന്നും അതിനാല്‍ സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി യാത്രക്കാരില്‍ നിന്ന് പണം വാങ്ങി എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നതാണ് ദോഹ-തിരുവനന്തപുരം വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിക്കാന്‍ കാരണം എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച വിദേശകാര്യ മന്ത്രാലയം അനുമതിയില്ലെങ്കില്‍ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചെവ്വാഴ്ച്ചത്തേയ്ക്ക് പുനര്‍ ക്രമീകരിച്ചത് എങ്ങനെയെയെന്ന് ചോദിച്ചു. ഖത്തറിന്റെ എതിര്‍പ്പുണ്ടെങ്കില്‍ റദ്ദാക്കിയ സര്‍വ്വീസ് അപ്പോള്‍ തന്നെ പുനര്‍ ക്രമീകരിക്കാന്‍ കഴിയുമോയെന്നും വിദേശകാര്യ മന്ത്രാലയം ആരാഞ്ഞു.

സാങ്കേതിക കാരണങ്ങളാലാണ് ഞായറാഴ്ച വിമാനം റദ്ദാക്കിയത് എന്ന് പറഞ്ഞ
വിദേശകാര്യ മന്ത്രാലയം പറക്കല്‍ സമയത്തില്‍ ഉള്‍പ്പെടെ വന്ന കാലതാമസം ഇതിനുകാരണമായെന്നും വ്യക്തമാക്കി. തുടര്‍ന്നും ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വ്വീസ് നടത്തുമെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

Top