ഫലം നെഗറ്റീവ്; കോവിഡ് സ്ഥിരീകരിച്ച എയര്‍ ഇന്ത്യ വനിത പൈലറ്റ് ആശുപത്രി വിട്ടു

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യന്‍ ആശുപത്രി വിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിനി ബിന്ദു. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചതെന്ന് അവര്‍ പറഞ്ഞു.

എന്തെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരും ചികിത്സ തേടേണ്ടതാണ്. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദുവും പങ്കെടുത്തിരുന്നു. ഇതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി.

Top