എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വംശീയ അധിക്ഷേപം നടത്തിയ ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍. സൈമണ്‍ ബേണ്‍സ് എന്ന അഭിഭാഷകയെയാണ് ഇംഗ്ലണ്ടിലെ സസെക്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വച്ച് ജീവനക്കാരെ ഇവര്‍ വംശീയമായി അധിക്ഷേപിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവനക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. വിമാനയാത്രയ്ക്കിടെ വാഷ്റൂമില്‍ വെച്ച് ഇവര്‍ പുകവലിക്കാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞതും പ്രകോപനത്തിനിടയാക്കിയിരുന്നു.

താനൊരു അന്താരാഷ്ട്ര അഭിഭാഷകയാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ബേണ്‍സ് അസഭ്യം പറയുകയും ജീവനക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്തു. തുടര്‍ന്ന് ലണ്ടനില്‍ വിമാനമിറങ്ങിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ ജയില്‍ മോചിതയായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

Top