ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ എയര്‍ ഇന്ത്യ റദ്ദാക്കി

ദില്ലി: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 18 വരെ വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ടെല്‍ അവീവിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. നേരത്തെ ഒക്ടോബര്‍ 14 വരെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

ഇസ്രായേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ആവശ്യാനുസരണം എയര്‍ലൈന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് ടെല്‍ അവീവിലേക്ക് എയര്‍ലൈന്‍ നടത്താറുണ്ടായിരുന്നത്.

തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ‘അജയ്’ പ്രകാരം എയര്‍ ഇന്ത്യ ഇതുവരെ രണ്ട് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു.

Top