കണ്ണൂരില്‍ വിജയം കണ്ടു; എയര്‍ ഇന്ത്യ വിമാനം പറന്നിറങ്ങി

കണ്ണൂര്‍: ഉത്തരമലബാറിലെ വികസനങ്ങള്‍ക്ക് പ്രതീക്ഷയേകി കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കല്‍ വിജയം കണ്ടു. രാവിലെ 9.45ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം 11.38ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറങ്ങിയത്.

ഏത് കാലാവസ്ഥയിലും ഏത് സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ വിദഗ്ധര്‍ നടത്തിവന്ന പരിശോധനകള്‍ പൂര്‍ത്തിയായി.

റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡി.വി.ഒ.ആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയൊക്കെ പരിശോധിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ രേഖകളും ടെര്‍മിനല്‍ തുടങ്ങിയവയുടെ പരിശോധനയും നടത്തി.

പരീക്ഷ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ അടുത്ത മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 29ന് ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടന തീയതി സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

Top