ഇന്ധനം വാങ്ങാന്‍ പണമില്ല; സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന എയര്‍ ഇന്ത്യയില്‍ ഇന്ധന ക്ഷാമവും കനക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വൈകുന്നതായാണ് ഛത്തീസ്ഗഢ് വിമാനത്താവളത്തിലെ പി.ആര്‍.ഒയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എയര്‍ഇന്ത്യയുടെ മിക്ക വിമാനങ്ങളും വൈകുന്നത് ഇന്ധന ക്ഷാമത്തെ തുടര്‍ന്നാണെന്നും പ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും പി.ആ.ഒ വ്യക്തമാക്കുന്നു. വിമാനങ്ങള്‍ നിരന്തരമായി വൈകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ വിമാനത്താവള അധികൃതര്‍ കാരണം വ്യക്തമാക്കി പ്രസ്താവന ഇറക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, പ്രശ്നം ഗുരുതരമാവുകയാണ് എന്ന സൂചനകളാണ് ഇന്ധനവിതരണ കമ്പനികളുടെ നിലപാടില്‍നിന്നും വ്യക്തമാവുന്നത്. പണം നല്‍കാത്തതിനാല്‍ ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കമ്പനികള്‍ തീരുമാനത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

Top