180 പ്രവാസികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 737 കണ്ണൂരിലെത്തി

കണ്ണൂര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിയ 180 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനമെത്തി. 20 ഗര്‍ഭിണികള്‍, 5 കുട്ടികള്‍ , 43 അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനമാണ് കണ്ണൂരിലെത്തിയത്. ഇവരെ കൊണ്ടുവരാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പത്തരക്കാണ് വിമാനം പുറപ്പെട്ടിരുന്നത്.

ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. സമൂഹിക അകലം പാലിച്ച് 20 പേര്‍ വീതമുള്ള സംഘമായാണ് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുക. തുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി അഞ്ച് മെഡിക്കല്‍ ഡെസ്‌ക്കുകള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കിയിരിക്കുകയാണ്.

രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെയാകും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റുക. മറ്റ് യാത്രക്കാര്‍ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. ഓരോ ജില്ലകളിലേക്കും പോകേണ്ടവര്‍ക്കായി പുറത്ത് കെഎസ്ആര്‍ടിസി ബസുകളുണ്ടാകും. വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയേണ്ട ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പോകാന്‍ പെയ്ഡ് ടാക്‌സി സൗകര്യവുമുണ്ട്.

Top