എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംങ് വിമാനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വൈകുന്നേരം ഉണ്ടായ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ ടെലിഫോണില്‍ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. വന്ദേഭാരത് മിഷന്‍ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംങ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്.

വിമാനത്തില്‍ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റ് അടക്കം മൂന്ന് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജിവന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുബൈ കരിപ്പൂര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംങ് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്. ടേബിള്‍ടോപ്പ് റണ്‍വേയില്‍ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റണ്‍വേയില്‍ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വിമാനത്തിന്റെ മുന്‍ഭാഗം പിളര്‍ന്ന് മാറി. അപകടത്തില്‍ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Top