എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

ദില്ലി: ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് തരാനുള്ള മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കണം എന്നാണ് ജീവനക്കാരുടെ ആവശ്യം. അല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

എയര്‍ ഇന്ത്യയിലെ പൈലറ്റുമാരാണ് ഇപ്പോള്‍ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ടെന്‍ഡര്‍ കരാര്‍ നേടിയശേഷം ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് കേന്ദ്രസര്‍ക്കാരുമായി ഒപ്പിടുകയും ചെയ്തു. ഡിസംബറോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനകമ്പനി ടാറ്റയ്ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തിലാണ് പൈലറ്റുമാര്‍ തങ്ങളുടെ ആവശ്യമുന്നയിച്ച് സമരത്തിന്റെ മുന്നറിയിപ്പു നല്‍കിയത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയിലെ 100 ശതമാനം ഓഹരികളും, എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന കമ്പനിയില്‍ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഗ്രൂപ്പിന് കിട്ടുക. 18 ആയിരം കോടി രൂപയുടേതാണ് ഇടപാട്. ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് ആണ് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ക്ക് സമരത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജീവനക്കാര്‍ക്ക് തങ്ങള്‍ ചതിക്കപ്പെട്ടു എന്ന തോന്നല്‍ ഉണ്ടാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കാരണമാകരുതെന്ന് ഇവര്‍ നവംബര്‍ ഏഴിനു നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്ന രാജീവ് ബന്‍സല്‍ ഒക്ടോബര്‍ ഒന്നിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് സെക്രട്ടറിയായി തിരികെ പോയശേഷം ഈ സ്ഥാനത്തേക്ക് മറ്റാരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നില്ല. ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ.

Top