എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക് ! ടെന്‍ഡറില്‍ ഉയര്‍ന്ന തുക നല്‍കിയെന്ന് സൂചന

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഉയര്‍ന്ന തുക നല്‍കി ടാറ്റ ഏറ്റെടുക്കും. ടെന്‍ഡറില്‍ കൂടുതല്‍ തുക ഉയര്‍ത്തിയിരിക്കുന്നത് ടാറ്റയാണെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്.

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും, വിസ്താരയും.

2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. കൈമാറ്റം സംബന്ധിച്ച് അമിത് ഷാ അധ്യക്ഷനായ സമിതി തീരുമാനമെടുക്കും.

Top