നന്ദി പറഞ്ഞാല്‍ മതിയാകില്ല; ഇന്ത്യക്കാരെ രക്ഷിച്ച എയര്‍ ഇന്ത്യക്ക് പ്രധാനമന്ത്രിയുടെ കത്ത്

കൊറോണാവൈറസ് പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനില്‍ കുടുങ്ങിയ 647 ഇന്ത്യക്കാരെയും, ഏഴ് മാലിദ്വീപുകാരെയും രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യയില്‍ എത്തിച്ചത്. ഈ ദൗത്യത്തില്‍ പങ്കെടുത്ത 68 എയര്‍ ഇന്ത്യ ക്രൂ അംഗങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെച്ച കത്ത് കൈമാറി.

വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രശംസ അറിയിച്ചുള്ള കത്ത് ഓരോ വിമാന ജീവനക്കാര്‍ക്കും നേരില്‍ കൈമാറി. ജനുവരി 31നാണ് എയര്‍ ഇന്ത്യ വുഹാനിലേക്ക് ആദ്യത്തെ പ്രത്യേക വിമാനം അയച്ചത്. ജംബോ ബി747 വിമാനം ഉപയോഗിച്ച് 324 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ നാട്ടിലെത്തിച്ചു. ഫെബ്രുവരി 1നായിരുന്നു രണ്ടാമത്തെ പ്രത്യേക വിമാനം യാത്ര തിരിച്ചത്. മറ്റൊരു ബി747 വിമാനത്തില്‍ 323 ഇന്ത്യക്കാരെയും, ഏഴ് മാലിദ്വീപുകാരെയും വുഹാനില്‍ നിന്നും രക്ഷപ്പെടുത്തി.

2018-19 വര്‍ഷത്തില്‍ 8000 കോടി രൂപ നഷ്ടം നേരിട്ട എയര്‍ ഇന്ത്യ വില്‍ക്കാനുള്ള നടപടിക്രമങ്ങളിലാണ് കേന്ദ്രം. എയര്‍ ഇന്ത്യ ഒന്നാം നിര സ്വത്ത് തന്നെയാണെന്ന് ചടങ്ങില്‍ ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 42 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും, 82 ആഭ്യന്തര മേഖലകളിലേക്കും വിമാനസര്‍വ്വീസ് നടത്തുന്നു. എയര്‍ ഇന്ത്യ മികവും, ഗുണമേന്മയുമാണ് പ്രതിനിധീകരിക്കുന്നത്, പുരി കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ ദേശീയ വിമാന കമ്പനി ആയത് കൊണ്ട് തന്നെ ദേശീയ താല്‍പര്യം അനുസരിച്ചുള്ള സേവനം നല്‍കുന്നത് പുതിയ കാര്യമല്ല, അത് ഡിഎന്‍എയിലുണ്ട്, എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബന്‍സാല്‍ പറഞ്ഞു. വുഹാനിലേക്ക് രക്ഷാദൗത്യത്തിന് പോകാനുള്ളവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒരാള്‍ പോലും ഭയന്ന് പിന്‍വാങ്ങിയില്ലെന്ന് കഴിഞ്ഞ ആഴ്ച വിരമിച്ച എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി പറഞ്ഞു.

Top