Air India can’t get public money for eternity: Ashok Gajapathi Raju

ന്യൂഡല്‍ഹി: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എക്കാലവും നിലനില്‍ക്കാമെന്ന് എയര്‍ ഇന്ത്യ കരുതണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു.എയര്‍ ഇന്ത്യയുടെ ‘കണക്കുപുസ്തകം’ വളരെ മോശം അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനി വില്‍ക്കാന്‍ വച്ചാലും ആരും വാങ്ങാന്‍ വരില്ലെന്നും മന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റൊഴിയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിവരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എയര്‍ ഇന്ത്യ നല്ല എയര്‍ലൈനാണ്. എന്നാല്‍ നികുതിദായകരുടെ പണം എക്കാലത്തേക്കും കിട്ടുമെന്നു കരുതരുത്. 50,000 കോടി രൂപയുടെ കടബാധ്യത മറികടക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ കമ്പനി നടത്തണമെന്നും മന്ത്രി പറഞ്ഞു.

2007ല്‍ എയര്‍ഇന്ത്യഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം നടന്നതിന് ശേഷം കുതിച്ചുയരുന്ന കടത്തില്‍ ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍ വിമാനക്കമ്പനി. ഒപ്പം മ്ത്സരവും കനത്തു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 30,000 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പദ്ധതി എയര്‍ ഇന്ത്യയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക നില മെച്ചമായതിന്റെ ലക്ഷണങ്ങള്‍ കമ്പനി കാട്ടുന്നുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 68 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി. നഷ്ടമുണ്ടാക്കിയില്ല എന്നതുതന്നെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിന്റെ ലക്ഷണമാണെന്ന് മന്ത്രി പറഞ്ഞു. ഇനിയും ഏറെ മുന്നോട്ടു പോകണമെന്നു മാത്രം.

Top