ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ; സര്‍വീസ് നിര്‍ത്തിയത് ഈ മാസം 14 വരെ

ഡല്‍ഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്. ഹമാസ്-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം. 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണു കണക്ക്.

അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാള്‍ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ തല്‍കാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ തയാറെടുക്കാന്‍ വ്യോമ – നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ഇന്നലെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാര്‍ക്കും അത്യാവിശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്പ് ലൈന്‍ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് ആവശ്യങ്ങള്‍ക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.

Top