ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്ര നിഷേധിച്ച സംഭവം ; മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ

Air india

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്രയടക്കമുള്ള ഏഴു താരങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്. തുടര്‍ന്ന് മെല്‍ബണില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഐ.ടി.ടി.എഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട താരങ്ങളെ ഒഴിവാക്കി എയര്‍ ഇന്ത്യ വിമാനം മെല്‍ബണിലേക്ക് പറക്കുകയായിരുന്നു.

ഇതിന് ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. വളരെ നിര്‍ഭാഗ്യകരമായ സംഭവമാണിത്. ഇന്ത്യന്‍ താരങ്ങളോട് തങ്ങള്‍ മാപ്പ് ചോദിക്കുന്നു. ഉടന്‍ തന്നെ അടുത്ത ലഭ്യമായ ഫ്‌ലൈറ്റ് ഇവര്‍ക്കായി ഏര്‍പ്പാടാക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇക്കാര്യം ഇന്ത്യന്‍ താരം മണിക ബത്ര ട്വിറ്ററില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏഴു ഇന്ത്യന്‍ താരങ്ങളും ടീം ഒഫീഷ്യല്‍സും അടക്കം 17 പേരടങ്ങിയ സംഘമാണ് മെല്‍ബണിലേക്ക് പോകാനായി എത്തിയത്. എന്നാല്‍ പത്തു പേര്‍ക്കു മാത്രമാണ് എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസ് അനുവദിച്ചത്. ഏഴു താരങ്ങള്‍ക്ക് വിമാനം ഓവര്‍ബുക്കിങ് ആണെന്ന കാര്യം പറഞ്ഞ് യാത്ര നിഷേധിക്കുകയായിരുന്നു. ഇതോടെ കളിക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

മണിക ബത്ര, ശരത് കമല്‍, മൗമ ദാസ്, മധുരിക, ഹര്‍മീത്, സുഥീര്‍ത്ത, സത്യന്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കളിക്കാരില്‍ ചിലര്‍ വൈകിയെത്തിയതും ഇവരുടെ ടിക്കറ്റ് ബുക്ക് ചെയ്തത് വ്യത്യസ്ത പി.എന്‍.ആറില്‍ ആയതിനാലുമാണ് യാത്ര ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.

Top