ഗുജറാത്തില്‍ വെള്ളപ്പൊക്കം ; ഗര്‍ഭിണിയേയും നവജാത ശിശുക്കളെയും വ്യോമസേന രക്ഷപ്പെടുത്തി

ഗുജറാത്ത്: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഗര്‍ഭിണിയേയും നവജാത ശിശുക്കളെയും വ്യോമസേന രക്ഷപ്പെടുത്തി.

ഗര്‍ഭിണിയായ സ്ത്രീയെ കൂടാതെ മറ്റു രണ്ടു സ്ത്രീകളെയും സൈന്യം രക്ഷപ്പെടുത്തി. നാനാ മത്ര ഗ്രാമത്തിലാണ് സംഭവം.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗ്രാമവാസികളെല്ലാവരും തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. ഇതിനിടെയാണ് ഗര്‍ഭിണി അടക്കം രണ്ടു സ്ത്രീകളും ഇരട്ട നവജാത ശിശുക്കളും വെള്ളപ്പൊക്കത്തില്‍ കുടങ്ങിയെന്ന സന്ദേശം വ്യോമസേനക്ക് ലഭിക്കുന്നത്.

ഉടന്‍ തന്നെ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയക്കുകയായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് വക്താവ് അഭിഷേക് മതിമന്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് എത്തുന്നതിനു തൊട്ടുമുമ്പാണ് സ്ത്രീകളില്‍ ഒരാള്‍ പ്രസവിച്ചുവെന്നും ഇരട്ടക്കുട്ടികളാണെന്നും ഉടന്‍ തന്നെ ഇവരെ സ്ഥലത്തു നിന്നു രക്ഷപെടുത്തണമെന്നുമുള്ള അടിയന്തര സന്ദേശം ലഭിക്കുന്നത്.

കരകവിഞ്ഞൊഴുകുന്ന വെള്ളക്കെട്ടിനിടെ ഹെലിപാഡ് കണ്ടെത്തി കോപ്റ്റര്‍ ഇറക്കി. തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിനൊപ്പം വ്യോമസേനാംഗങ്ങള്‍ കൂടി ചേര്‍ന്നാണ് ഇവരെ രക്ഷപെടുത്തി ഹെലികോപ്റ്ററില്‍ എത്തിച്ചത്.

Top