ചാരവൃത്തി: വ്യോമസേന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്

arrest

ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതിക-വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തതെന്നാണു റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് സമൂഹമാധ്യമമായ വാട്‌സ് ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി നടക്കാറുള്ള കൗണ്ടര്‍ നിരീക്ഷണത്തിലാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്.

രണ്ടു ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ വ്യോമസേനാ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അന്വേഷണം തുടരുന്നതിനാല്‍ കസ്റ്റഡിയിലായ ഉദ്യോഗസ്ഥന്റെ പേരോ ഇയാളുടെ സേനയിലെ പദവിയോ പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ആര്‍ക്കെങ്കിലും ചോര്‍ത്തി നല്‍കിയോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്.

Top