ചൈനയുടേയും പാക്കിസ്ഥാന്റെയും ഏത് ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ചൈനയുടേയും പാക്കിസ്ഥാന്റെയും ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് വ്യോമസേനാ മേധാവി മാര്‍ഷല്‍ ബിഎസ് ധനോവ.

അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു കേന്ദ്രങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും വേണമെങ്കില്‍ അവ തകര്‍ക്കാനും വ്യോമസേനക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനോവ.

ശത്രുക്കളെ കണ്ടെത്തുന്നതിനും അതിര്‍ത്തിയിലെ ഏത് സ്ഥലത്തും ആക്രമം നടത്തുന്നതിനും സേന സുസജ്ജമാണ്. അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ധനോവ പറഞ്ഞു.

അതേസമയം, വ്യോമസേന ഉള്‍പ്പെടുന്ന മിന്നലാക്രമണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണസജ്ജമാവാന്‍ സേനയ്ക്ക് വേണ്ടത് 42 ഓളം വിമാനവ്യൂഹങ്ങളും അതിന് അനുസൃതമായ സൈനികരേയുമാണ്.

2032ഓടെ ഇത് സേനയ്ക്ക് ലഭ്യമാവും. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനയ്ക്ക് സാധ്യമാവില്ലെന്നല്ല എന്നും ധനോവ വ്യക്തമാക്കി.

നേരത്തെ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ദ്വിമുഖ യുദ്ധത്തിന് രാജ്യം തയ്യാറാവണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈനയേയും പാകിസ്ഥാനേയും ഉദ്ദേശിച്ചായിരുന്നു കരസേനാ മേധാവിയുടെ പ്രസ്താവന.

Top