air asian bomb threat

ബംഗളുരു: ഒന്നിച്ചു ജീവിതത്തിലേക്ക് പറക്കാന്‍ പുറപ്പെട്ട പ്രതിശ്രുത വധൂവരന്‍മാന്‍ വിമാനതാവളത്തില്‍ പിടിയിലായി.

പ്രണയിനികളായ മലയാളി ജോഡികളായ അര്‍ജുനും നേഹയും ഒരുമിച്ച് സ്വന്തം വിവാഹ നിശ്ചയത്തിന് നാട്ടിലേക്ക് വിമാനത്തില്‍ പോകുന്നതിനായാണ് ബോംബ് ഭീഷണി മുന്നറിയിപ്പ് സുഹൃത്തിനെ കൊണ്ട് നല്‍കിച്ചിരുന്നത്.

ട്രാഫിക്ക് ബ്ലോക്ക് കാരണം നേഹക്ക് സമയത്ത് വിമാനതാവളത്തില്‍ എത്താനാകുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെ സുഹൃത്തിനെ കൊണ്ട് വിമാനതാവളത്തിലേക്ക് ബോംബ് ഭീഷണി പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. ആറ് മണിക്കൂറോളമാണ് വിമാനം ഇതുമൂലം വൈകിയത്.

ഇരുവരുടെയും വിവാഹനിശ്ചയം നാട്ടില്‍ വച്ചാണ് തീരുമാനിച്ചിരുന്നത്. രണ്ടാളും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരും ഒന്നിച്ചു നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി എട്ടേമുക്കാലിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

മാവേലിക്കര തഴക്കര കാരയമുട്ടത്തെ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍നിന്നാണു വിമാനത്താവളത്തിലേക്കു വിളിച്ചത്. അര്‍ജുന്റെ ബന്ധുവാണ് വിമാനത്താവളത്തിലേക്കു വിളിച്ചതെന്നും വ്യക്തമായി. അര്‍ജുന്‍ നേരത്തെ ടെര്‍മിനല്‍ മാനേജരുടെ ഫോണില്‍ വിളിച്ച് വിമാനം വൈകിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. നടക്കില്ലെന്നു പറഞ്ഞപ്പോള്‍ കട്ട് ചെയ്യുകയും ബന്ധുവിനെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നെന്നാണു കരുതുന്നത്.

രാത്രി വിമാനത്തില്‍ യാത്രചെയ്യാന്‍ വൈകിയെത്തിയ യാത്രക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇത്തരത്തില്‍ ഭീഷണി ലഭിച്ചാല്‍ വൈകി വരുന്ന യാത്രക്കാരെ ചോദ്യം ചെയ്യണമെന്നാണ് നിയമം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്നിനാണ് വിമാനം പുറപ്പെട്ടത്.

ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് ഈ വിമാനത്തില്‍ യാത്രക്കാരനായുണ്ടായിരുന്നു. ജീവിതത്തിലേക്ക് ഒരുമിച്ച് പറക്കാന്‍ പുറപ്പെട്ടവര്‍ക്കുണ്ടായ ഈ ട്രാജഡി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

Top