Aiming minority votes in election; BJP highlights Pm Narendra Modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് മുന്നണികളുടെ തീവ്രശ്രമം.

തുടക്കം മുതല്‍ ബിജെപി-കോണ്‍ഗ്രസ് ‘ധാരണ’ ആരോപിച്ച് യുഡിഎഫിനെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന്റെ പ്രചരണത്തെ ചെറുക്കാന്‍ സീനിയര്‍ നേതാവായ എ കെ ആന്റണിയെയാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറക്കിയിരിക്കുന്നത്.

ബിജെപി മുക്തനിയമസഭയാണ് വേണ്ടതെന്ന് പറഞ്ഞ ആന്റണി ബിജെപി ജയിച്ചാല്‍ കേരളം ഭ്രാന്താലയമാകുമെന്ന് പറഞ്ഞാണ് ആഞ്ഞടിച്ചത്.

അധികാരത്തില്‍ എത്താന്‍ ഇരുമുന്നണികള്‍ക്കും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായതിനാല്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ ശക്തമായ കാമ്പയിനാണ് സംസ്ഥാനത്ത് നടക്കുന്നത്.

മുസ്ലീം-ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ അനുനയിപ്പിക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. കാന്തപുരം വിവാദത്തിന്റെയും ഇകെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെയും വോട്ടുകളിലും ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ട്.

തൃശൂര്‍ അതിരൂപത അപ്രതീക്ഷിതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന് പിന്‍തുണ പ്രഖ്യാപിച്ചതും ഇതുസംബന്ധമായി പുറത്തിറക്കിയ പ്രസ്താവനയും ഇടതുപക്ഷത്തിന് തിരിച്ചടിയാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

എന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ മറ്റ് പോംവഴികള്‍ തേടുകയാണ് ഇടതുപക്ഷം.

ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങളിലെ പ്രബലവിഭാഗത്തിന്റെ വോട്ട് ഉറപ്പ് വരുത്തുന്നതോടൊപ്പം പരമ്പരാഗതമായി കൂടെ നില്‍ക്കുന്ന ഈഴവ വോട്ടുകള്‍ ബിജെപി മുന്നണിയിലേക്ക് ഒഴുകാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സിപിഎം നേതൃത്വത്തില്‍ നടക്കുന്നത്.

യുഡിഎഫ് ആകട്ടെ മുസ്ലീംലീഗും കേരള കോണ്‍ഗ്രസും മുന്നണിയിലുള്ളതിനാല്‍ മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകളില്‍ ഭൂരിപക്ഷവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

മുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ചോര്‍ച്ച കൂടി തടയാന്‍ പറ്റിയാല്‍ ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നാണ് അവരുടെ കണക്ക്കൂട്ടല്‍.

ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് ഇടതുപക്ഷം നടത്തുന്ന പ്രചരണം ‘ക്ലച്ച്’ പിടിച്ചാല്‍ വന്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആന്റണിയെ തന്നെ രംഗത്തിറക്കി ബിജെപിക്കെതിരെ യുഡിഎഫ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് വെറും പുകമറ മാത്രമാണെന്നും രഹസ്യധാരണയുണ്ടെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

വികസനത്തിനായി വോട്ട് തേടി യുഡിഎഫും അഴിമതിക്കെതിരായി വിധിയെഴുതണമെന്ന് ഇടതുപക്ഷവും പറയുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ പ്രചാരണ ശൈലി തന്നെ പൂര്‍ണ്ണമായും ഇടത്-വലത് മുന്നണികള്‍ക്ക് മാറ്റേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മോദിയുടെ വരവോടെ ശക്തമായ അടിയൊഴുക്കുകള്‍ മുന്നില്‍ കാണുന്ന ബിജെപി പരമാവധി നേട്ടമുണ്ടാക്കാനുള്ള നീക്കത്തിലാണ്.

ഈ ‘അടിയൊഴുക്കുകള്‍’ ന്യൂനപക്ഷ വിഭാഗത്തിലുണ്ടാക്കുന്ന ‘പ്രതിഫലനം’ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇപ്പോള്‍ ഇരുമുന്നണികളും മത്സരിക്കുന്നത്.

ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ആരാണ് ‘കേമന്‍’ എന്ന് മുന്‍നിര്‍ത്തിയാവും ഈ വിഭാഗങ്ങളിലെ വോട്ടൊഴുക്ക് എന്നാണ് കണക്ക്കൂട്ടല്‍.

വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥനപ്രകാരം സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയതും നടേശനുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദവും ബിജെപിയുമായുള്ള വോട്ട് കച്ചവടത്തിന് വഴി ഒരുക്കുന്നതിനുവേണ്ടിയാണെന്നാണ്‌ ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം.

വെള്ളപ്പള്ളിക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കാത്തത് ഉയര്‍ത്തിക്കാട്ടിയാണ് ഈ ആക്ഷേപം.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ തള്ളി സമുദായം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ഈഴവ സമുദായത്തില്‍പ്പെട്ട പ്രതിപക്ഷനേതാവ് വിസ് അച്യുതാനന്ദനും സിപിഎം പിബി അംഗം പിണറായി വിജയനുമാണ് വെള്ളാപ്പള്ളിക്കും ബിജെപിക്കുമെതിരെ ശക്തമായ ‘ആക്രമണ’ത്തിന് നേതൃത്വം കൊടുക്കുന്നത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍സാമുദായിക അടിയൊഴുക്കുകള്‍ ഇത്തവണ ഉണ്ടാകുമെന്നും അത് ആര്‍ക്കാണ് നേട്ടമുണ്ടാക്കുക,തിരിച്ചടിയുണ്ടാക്കുക എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും കണക്കുകൂട്ടാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍.

വിഎസും പിണറായിയും കോടിയേരിയും നയിച്ച ഇടതു കാമ്പയിനെയും എകെ ആന്‍ണി,ഉമ്മന്‍ ചാണ്ടി,സുധീരന്‍ തുടങ്ങിയവര്‍ നയിച്ച യുഡിഎഫ് കാമ്പയിനെയും പ്രതിരോധിക്കാനും നേട്ടമുണ്ടാക്കാനും മോദിയുടെ വരവോടെ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം.

മോദി പങ്കെടുക്കുന്ന യോഗങ്ങളില്‍ ആളുകള്‍ കുറഞ്ഞാല്‍ ക്ഷീണമാവുമെന്നതിനാല്‍ പരമാവധി പ്രവര്‍ത്തകരെ യോഗസ്ഥലത്ത് എത്തിക്കാന്‍ ശക്തമായ ഇടപെടലാണ് സംഘ്പരിവാര്‍ നടത്തുന്നത്.

Top