ഫേസ്ബുക്കില്‍ ന്യൂയോര്‍ക്ക് പൊലീസിനെ കടത്തിവെട്ടി കേരള പൊലീസ്

തിരുവനന്തപുരം : ജനകീയതയില്‍ ഒന്നാം നിരയിലേക്കുയര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ന്യൂയോര്‍ക്ക് പൊലീസിന്റെ 7.83 ലക്ഷം ലൈക്കുകളുള്ള ഫേസ്ബുക്ക് മറികടന്നാണ് 8.21 ലക്ഷം ലൈക്കുകളുമായി കേരള പൊലീസിന്റെ കുതിപ്പ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പൊലീസ് പേജ് എന്ന നേട്ടം സ്വന്തമാക്കിയ ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ വീഴ്ത്തി മുന്നേറിയത്.

ട്രോളുകളും കമന്റുകള്‍ക്ക് രസികന്‍ മറുപടികളുമായി ജനപ്രീയമാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മുന്നേറ്റം. ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു പ്രളയത്തിലും പ്രതിസന്ധി ഘട്ടങ്ങളിലും കുടെ നിന്നവരെ നന്ദിയോടെ സ്മരിക്കുന്നതായി പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് കേരള പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍
സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.

Top