മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ചണ്ഡീഗഡ് ഇന്ധനവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തുന്നു

 

രിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ചണ്ഡീഗഡില്‍ ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അവസാനിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ജൂലായ് മാസത്തോടെയും പെട്രോള്‍-ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ മാസത്തോടെയും നിരോധിക്കുമെന്നാണ് സൂചന.

ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന പോളിസി അനുസരിച്ചാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. 2022- സെപ്റ്റംബറിലാണ് ചണ്ഡീഗഡ് അഡിമിനിസ്ട്രേഷന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങളില്‍ പത്ത് ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ 35 ശതമാനവും കുറയ്ക്കുകയാണ് നിരേധനത്തിന്റെ ലക്ഷ്യം. അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നാലുചക്ര വാഹനങ്ങളില്‍ 20 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ 70 ശതമാനവും കുറയ്ക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇത് ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം 6202 ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂവെന്നാണ് വിവരം. ഇതിനോടകം തന്നെ 4032 ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ജൂലായ് മാസത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. നാലുചക്ര വാഹനങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ഈ വര്‍ഷം 22,626 വാഹനങ്ങളുടെ രജിസ്ട്രേഷന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനോടകം 2685 വാഹനങ്ങള്‍ മാത്രമാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതിനാലാണ് ഡിസംബര്‍ വരെ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

2024-ഓടെ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ അഡ്മിനിസ്ട്രേഷന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. നാലുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഘട്ടംഘട്ടമായി കുറച്ച് കൊണ്ടുവരാനാണ് പദ്ധതി. അനുവദിച്ചിട്ടുള്ള എണ്ണം പൂര്‍ത്തിയായാല്‍ നോണ്‍ ഇലക്ട്രിക് ടൂ വീലറുകളുടെയും ഫോര്‍ വീലറുകളുടെയും രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്നാണ് വാഹന രജിസ്ട്രേഷന്റെ ചുമതല വഹിക്കുന്ന ചണ്ഡീഗഢ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

 

Top