യൂണിവേഴ്സിറ്റി കോളെജ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ‘എതിരാളി’ മാധ്യമങ്ങള്‍ ! !

മാധ്യമങ്ങളുടെ രാഷ്ട്രീയവും അതിന് പിന്നിലെ താല്‍പ്പര്യങ്ങളും പലവട്ടം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എല്ലാവരെയും വിമര്‍ശിക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന് അഹങ്കരിക്കുന്ന ഈ വിഭാഗത്തിലെ ബഹുഭൂരിപക്ഷവും ഒരിക്കലും സ്വയം വിമര്‍ശനങ്ങള്‍ നടത്താറില്ല. യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ എന്ന ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റപ്പോള്‍ എല്ലാ കുത്തക മാധ്യമങ്ങളും എസ്.എഫ്.ഐയെയാണ് ആക്രമിച്ചിരുന്നത്.

ക്രിമിനലുകളുടെയും കോപ്പിയടിക്കാരുടെയും സംഘടനയാക്കി ആ സംഘടനയെ ചിത്രീകരിക്കാനാണ് അവരെല്ലാം ശ്രമിച്ചത്. പ്രതിഭാശാലികളായ അനവധി പേരെ എസ്.എഫ്.ഐ സംഭാവന ചെയ്തതും നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതുമൊന്നും ഇക്കൂട്ടര്‍ക്ക് ഒരു സംഭവമേയല്ല. അന്ധമായ കമ്യൂണിസ്റ്റ് വിരോധം മാത്രമാണ് ഈ മാധ്യമങ്ങളെയെല്ലാം നയിച്ചു കൊണ്ടിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ എസ്.എഫ്.ഐയെ ആക്രമിച്ച മാധ്യമങ്ങള്‍ വീണ്ടും ആ വിഷയം സജീവമാക്കി നിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കുത്തേറ്റ അഖിലുമായുള്ള അഭിമുഖം വളച്ചൊടിച്ച് വീണ്ടും കൊടുത്തു കൊണ്ടിരിക്കുന്നത്.

താന്‍ ഇപ്പോഴും എസ്.എഫ്.ഐയാണെന്നും ചികിത്സയ്ക്ക് സഹായിച്ചത് സി.പി.എം ആണെന്നും പറയുന്ന ഭാഗത്തിനല്ല പ്രമുഖ ചാനല്‍ പ്രാധാന്യം കൊടുക്കുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി തീരുമാനിച്ചാണ് തന്നെ ആക്രമിച്ചതെന്ന പ്രതികരണം ഹൈലൈറ്റ് ചെയ്താണ് വിവാദം അവര്‍ കൊഴുപ്പിക്കുന്നത്.

ഇവിടെ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ ആ സംഘടന പുറത്താക്കുകയും യൂണിറ്റ് കമ്മറ്റി തന്നെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അഡ്ഹോക്ക് കമ്മറ്റി ഉണ്ടാക്കിയിരിക്കുന്നത്. ആ കമ്മറ്റിയില്‍ കുത്തേറ്റ അഖിലും അംഗമാണ്. ഇതിനപ്പുറം ഒരു സംഘടന എന്താണ് ചെയ്യേണ്ടതെന്നത് വിവാദമുണ്ടാക്കുന്നവര്‍ പറയണം.

95 ശതമാനവും എസ്.എഫ്.ഐ മാത്രമുള്ള കാമ്പസില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നമാണ് അവിടെ എസ്.എഫ്.ഐ തമ്മിലടിയായി ചിത്രീകരിക്കപ്പെട്ടിരുന്നത്. എസ്.എഫ്.ഐയില്‍ മെമ്പര്‍ഷിപ്പ് എടുത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മേല്‍ ആ സംഘടനക്ക് നിയന്ത്രണത്തിന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായത്.

ഇത് ഏത് കാമ്പസിലും സാധാരണ നടക്കുന്ന സംഭവങ്ങളാണ്. എന്നാല്‍ വിഷയത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയും നേതാക്കളും ഇടപെട്ട രീതിയാണ് അവിടെ പ്രശ്നം വഷളാക്കിയത്. അതിനാണ് യൂണിറ്റ് നേതാക്കളെ പുറത്താക്കിയതും കമ്മറ്റി തന്നെ പിരിച്ച് വിട്ടതും. ഇതെല്ലാം അറിയാമായിരുന്നിട്ടും ഇപ്പോള്‍ ബോധപൂര്‍വ്വം വിവാദമുണ്ടാക്കുന്നത് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മാത്രമാണ്.

സെപ്റ്റംബര്‍ 27നാണ് കേരള സര്‍വ്വകലാശാലക്ക് കീഴിലെ കോളെജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. എവിടെ എസ്.എഫ്.ഐ ജയിച്ചാലും യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ഒരു സീറ്റിലെങ്കിലും പരാജയപ്പെടേണ്ടത് ഇപ്പോള്‍ ഇത്തരം ചില മാധ്യമങ്ങളുടെ ആവശ്യമാണ്. അതിന് വേണ്ടി തന്നെയാണ് നാലു പേരെ മുന്‍നിര്‍ത്തി കെ.എസ്.യു യൂണിറ്റ് കമ്മറ്റി രൂപീകരിച്ചപ്പോള്‍ മഹാ സംഭവമാക്കി ചിത്രീകരിച്ചിരുന്നത്.

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ‘ഭീകരത’ കണ്ടവര്‍ തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു ഭീകരത കണ്ടിട്ടില്ല. ക്രിമിനലുകളെ ഇറക്കി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവരെ വധിക്കാന്‍ ശ്രമിച്ച സംഭവം ഇവര്‍ക്ക് വാര്‍ത്തയേ അല്ല. ഇത് മാധ്യമങ്ങള്‍ക്ക് അന്തി ചര്‍ച്ചകള്‍ക്കുള്ള വിഭവവുമല്ല. കാരണം ആക്രമിക്കപ്പെട്ടത് എസ്.എഫ്.ഐക്കാരനാണല്ലോ എന്നതാണ് ന്യായം.

ലോ കോളേജിലെ കെ.എസ്.യു- ഗുണ്ടാവിളയാട്ടത്തിന് മുന്നില്‍ കണ്ണടച്ച ചാനലാണിപ്പോള്‍ യൂണിവേഴ്സിറ്റി കോളജ് വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത്. അതിന് വേണ്ടിയാണ് തന്ത്രപൂര്‍വ്വം അഖിലിനെ പോയി കണ്ട് പ്രതികരണം എടുത്തിരിക്കുന്നത്. ഏത് ഭാഗം ഒഴിവാക്കണം, എന്താണ് ഹൈലൈറ്റ് ചെയ്യേണ്ടത്, എങ്ങനെ അവതരിപ്പിക്കണം എന്നതൊക്കെ ഏത് ചാനലിന്റെയും വിവേചന അധികാരമാണ്. പക്ഷേ അതിനും ഒരു മാന്യതയൊക്കെ വേണമായിരുന്നു.

സംഘടനാപരമായി എസ്.എഫ്.ഐ നടപടി സ്വീകരിച്ചു കഴിഞ്ഞ വിഷയത്തില്‍ വീണ്ടും ആ സംഘടനയെ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കുത്തക മാധ്യമത്തിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ പ്രതികരിച്ച അഖിലിനും ഇവിടെ വലിയ തെറ്റ് പറ്റിയിട്ടുണ്ട്.

മാധ്യമങ്ങള്‍ അവര്‍ വിവാദമാക്കിയ ഒരു വിഷയത്തിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അത് മിനിമം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ തിരിച്ചടിയെങ്കിലുമാണ്. ഇത്രയധികം വാര്‍ത്തകള്‍ എതിരായി നല്‍കിയിട്ടും എസ്.എഫ്.ഐ വിജയിക്കുക എന്നത് മാധ്യമ മേലാളന്‍മാരെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല.

എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ വിജയം അവര്‍ക്കേറ്റ വലിയ പ്രഹരമായിരുന്നു. സെപ്റ്റംബര്‍ 5ന് കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലും 27 ന് കേരളയിലും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെയും എസ്.എഫ്.ഐ തന്നെ വിജയിക്കുമെന്ന് ഈ മാധ്യമങ്ങള്‍ക്ക് അറിയാം. കാരണം വിദ്യാര്‍ത്ഥികളുടെ ചിന്താശക്തിയെ സ്വാധീനിക്കാനുള്ള ശേഷിയൊന്നും പുതിയ കാലത്ത് ഒരു മാധ്യമ സ്ഥാപനത്തിനുമില്ല.

അതിനു വേണ്ടിയാണ് അവര്‍ ഇപ്പോള്‍ പുതിയ അടവുമായി രംഗത്ത് വന്നിരിക്കുന്നത്. അഖിലിനെ കരുവാക്കാന്‍ ശ്രമിക്കുന്നതും ഇതിനു വേണ്ടിയാണ്. അഖിലിന്റെ ഇന്റര്‍വ്യൂ പുറത്ത് വിട്ട ചാനല്‍ പ്രധാനമായും ലൈവില്‍ പ്രതികരണം തേടിയത് യൂണിവേഴ്സിറ്റി കോളജിലെ കെ.എസ്.യു നേതാവില്‍ നിന്നാണ്. ഇക്കാര്യത്തില്‍ നിന്നു തന്നെ അവരുടെ അജണ്ടയും വ്യക്തമാണ്.

യൂണിവേഴ്സിറ്റി കോളജില്‍ ചെറുതായാലും ഒരു തിരിച്ചടി എസ്.എഫ്.ഐക്ക് ലഭിച്ചില്ലെങ്കില്‍ പണി പാളുമെന്ന് കണ്ടാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. എന്നാല്‍ ഇവിടെയും പരാജയപ്പെടുവാന്‍ പോകുന്നത് മാധ്യമ അജണ്ട തന്നെയാണ്. എതിരാളികളാല്‍ ആക്രമിക്കപ്പെട്ടുമ്പോഴാണ് എസ്.എഫ്.ഐ ഏറ്റവും അധികം ശക്തിയാര്‍ജ്ജിക്കുക എന്നത് ആരും മറന്നു പോകരുത്.

Political Reporter

Top