മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി തുടരും; ചുമതലകള്‍ കുറയ്ക്കണമെന്ന് ആവശ്യം

manohar-parrikar

പനാജി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

‘സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി അമിത്ഷായെ ധരിപ്പിച്ചു. തന്റെ ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ചില വകുപ്പുകളുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാണ് പരീക്കറുടെ ആവശ്യം. അടുത്തയാഴ്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. പാന്തുറാങ് മദയ്ക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നീ മന്ത്രിമാരെ ആരോഗ്യ കാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് മാറ്റുന്ന കാര്യവും ഉടന്‍ ചര്‍ച്ച ചെയ്യും’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top