ചര്‍ച്ച പരാജയം; ഡല്‍ഹി എയിംസില്‍ പത്തിന് നഴ്‌സുമാരുടെ സമ്പൂര്‍ണ്ണ ഡ്യൂട്ടി ബഹിഷ്‌ക്കരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ഡല്‍ഹി എംയിസിലെ നഴ്‌സുമാരുടെ സമരത്തിന് പരിഹാരം കാണാതെ കൈമലര്‍ത്തുകയാണ് അധികൃതര്‍. നഴ്‌സ് യൂണിയനുമായി അധികൃതര്‍ ഇന്ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഈ മാസം പത്തിന് ഡ്യൂട്ടി പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കാനാണ് യൂണിയന്‍ ആഹ്വാനം.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നഴ്‌സുമാരുടെ സുരക്ഷയുടെ കാര്യത്തിലും നടപടികളില്ലെന്നാണ് ആക്ഷേപം.

പിപിഇ കിറ്റുകള്‍ ധരിച്ചുള്ള ഭാരിച്ച ഡ്യൂട്ടി സമയം നാല് മണിക്കൂറാക്കി ചുരുക്കണം എന്നതുള്‍പ്പടെ പതിനൊന്ന് ആവശ്യങ്ങളാണ് യൂണിയന്‍ മുന്നോട്ട് വെച്ചത്. എംയിസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്നാണ് യൂണിയന്റെ പ്രതിഷേധം.

സമരത്തെ ആദ്യഘട്ടത്തില്‍ എംയിസ് അധികൃതര്‍ അവഗണിച്ചെങ്കിലും ഇന്ന് ചര്‍ച്ചക്ക് തയ്യാറായിരുന്നു. എന്നാല്‍, ഡ്യൂട്ടി സമയം പുതുക്കുന്ന കാര്യത്തിലെ അധികൃതരുടെ സമീപനം കാരണം ചര്‍ച്ച പരാജയപ്പെട്ടു.

രോഗികളാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തില്‍ ആശങ്ക ജനിപ്പിക്കുന്ന കണക്കുകളാണ് എംയിസില്‍ നിന്ന് പുറത്തുവരുന്നത്. പത്ത് മലയാളികള്‍ ഉള്‍പ്പെടെ 480 ജീവനക്കാര്‍ക്കാണ് എംയിസില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇതിനകം മലയാളികളായ രണ്ട് നഴ്‌സുമാര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Top