ഡോക്ടറെ മര്‍ദിച്ച സംഭവം: ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ പിന്തുണ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബംഗാളില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മമതയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബംഗാളിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് മമത നിലപാട് സ്വീകരിച്ചതോടെയാണ് സമരത്തിന് അയവ് വന്നത്.

മമത ബാനര്‍ജിയുമായി രഹസ്യ ചര്‍ച്ചക്കില്ലെന്ന പ്രധാന ഉപാധി മുന്‍പോട്ട് വച്ചാണ് സമരക്കാര്‍ സന്ധി ചെയ്തിരിക്കുന്നത്. ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാമെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ചയെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സമരത്തിലുള്ള ഡോക്ടര്‍മാര്‍ ഉപാധി വച്ചിരുന്നു. ബംഗാളില്‍ ചേര്‍ന്ന റസിഡന്റ് ഡോക്ടഴേസ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുള്ള തീരുമാനം.

പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെയാണ് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

Top