നിര്‍ണായക വെളിപ്പെടുത്തലുമായി എ ഐ എഫ് എഫ്; ഇനി ഇന്ത്യയില്‍ ഒരു ലീഗ് മാത്രം

ന്ത്യയില്‍ ഇനി മുതല്‍ ഒരു ഫുട്‌ബോള്‍ ലീഗേ ഉണ്ടാവുകയുള്ളു എന്ന് അറിയിച്ച് എ ഐ എഫ് എഫ്. എന്നാല്‍ അത് ഐ എസ് എല്‍ – ഐലീഗ് ടീമുകളുടെ ലയനത്തിലൂടെയാകില്ലെന്നും എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരൊറ്റ ലീഗാക്കി ഇന്ത്യന്‍ ഫുട്‌ബോളിനെ മാറ്റാന്‍ മറ്റ് ചില പദ്ധതികളാണ് എ ഐ എഫ് എഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിലവില്‍ ഐ എസ് എല്‍, ഐലീഗ് എന്നീ രണ്ട് ഫുട്‌ബോള്‍ ലീഗുകളാണുള്ളത്. ഈ രണ്ട് ലീഗുകളും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ ഇനി അനുവദിക്കില്ലെന്ന് നേരത്തെ ഫിഫയും, എ എഫ് സി യും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഒരൊറ്റ ലീഗെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എ ഐ എഫ് എഫ് പ്രവര്‍ത്തിക്കുന്നത്.

ഇതിനിടയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ ഭാവിയെക്കുറിച്ച് ചോദിക്കവെ കുശാല്‍ ദാസിന്റെ മറുപടി ഇപ്രകാരമായിരുന്നു, ‘ഇപ്പോള്‍ ഐലീഗ് ക്ലബ്ബുകള്‍ നടത്തുന്ന പ്രതിഷേധം അനാവശ്യമാണ്. അവര്‍ക്കും കൂടി ഗുണമുണ്ടാകുന്ന രീതിയിലാകും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുക്കുക. ഐ എസ് എല്ലും ഐലീഗും ഒരുമിച്ച് ഏറെ നാള്‍ മുന്നോട്ട് കൊണ്ട് പോകാനാവില്ലെന്നും ദാസ് പറഞ്ഞു.

Top